കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കാന്‍ തയാറാക്കിയ കിസാന്‍ ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും കരുവാറ്റ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തെറ്റിക്കളം പാടശേഖരത്തില്‍ നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു പരിപാടി ഉദ്ഘാടനം ചെയ്തു.

കര്‍ഷകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയുടെ ആധുനികവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് കിസാന്‍ ഡ്രോണുകള്‍ എത്തുന്നത്. വിളയുടെ വളര്‍ച്ച നിരീക്ഷിക്കല്‍, ഭൂമിയൊരുക്കലിനും മറ്റും സഹായിക്കല്‍ എന്നിവയും ഡ്രോണ്‍ ഉപയോഗിച്ച് ചെയ്യാനാകും.

തെറ്റിക്കളം പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ബ്രോനോപ്പോള്‍ എന്ന ഇമ്മ്യുണോ മോഡുലേറ്ററും ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേ ചെയ്തു. ഒരേക്കറില്‍ ഒരേ അളവില്‍ കീടനാശിനിയോ വളമോ തളിയ്ക്കുന്നതിന് എട്ട് മിനിട്ട് സമയമാണ് ഡ്രോണ്‍ പരമാവധി എടുക്കുക. റിമോര്‍ട്ട് നിയന്ത്രിതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഭൂമിയില്‍ സെന്‍സര്‍ സ്ഥാപിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും വികസിപ്പിക്കുന്നുണ്ട്.

സ്പ്രേയര്‍ ഉപയോഗിച്ച് മനുഷ്യര്‍ മരുന്നു തളിക്കുന്നതിനേക്കാള്‍ 80 ശതമാനം ഫലവത്തായും ചിലവ് കുറച്ചും ഡ്രോണുകള്‍ക്ക് മരുന്നു സ്പ്രേ ചെയ്യാനാകും. കാര്‍ഷിക ഡ്രോണിന് 10 ലീറ്റര്‍ ശേഷിയുണ്ട്.

ചടങ്ങില്‍ കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജയപ്രകാശ് ബാബു, കരുവാറ്റ കൃഷി ഓഫീസര്‍ മഹേശ്വരി, ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയില്‍ ലഭിക്കും. അഗ്രികള്‍ച്ചര്‍ ഇന്‍ഫാസ്ട്രക്ചര്‍ ഫണ്ടുമായി ചേര്‍ന്ന് മൂന്ന് ശതമാനം പലിശ ഇളവില്‍ ലോണ്‍ ആയും ഡ്രോണുകള്‍ ലഭിക്കും. ഡ്രോണ്‍ അസിസ്റ്റന്‍സിനും സ്മാം രജിസ്ട്രേഷനും 9383470694 എന്ന നമ്പരില്‍ വിളിക്കാം.