പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം-വന്യജീവി വാരാഘോഷം വിജയകരമായി നടത്തുന്നത് സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് വാരഘോഷം നടത്തുന്നത്. ആനവച്ചാല്‍ ബാംബു ഗ്രോവില്‍ നടന്ന യോഗത്തില്‍ ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. ഒക്ടോബര്‍ 2 മുതല്‍ 5 വരെ വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും.

ജനറല്‍ കമ്മറ്റി ചെയര്‍മാനായി കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോനെയും കണ്‍വീനറായി ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവോയെയും തെരഞ്ഞെടുത്തു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാനായി മുഹമ്മദ് ഷാജി, പബ്ലിസിറ്റി കമ്മറ്റി പി. രാജന്‍, ഫിനാന്‍സ് കമ്മറ്റി ഹൈദ്രോസ് മീരാന്‍, റാലി കമ്മറ്റി ചെയര്‍മാന്‍ വി. ഐ. സിംസണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സമാപനദിനമായ ഒക്ടോബര്‍ 8 ന് ബഹുജനറാലി സംഘടിപ്പിക്കും. സ്‌കൂള്‍ കോളേജ് തലത്തില്‍ സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരങ്ങളുടെ സംസ്ഥാനതല മത്സരങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ വച്ച് അന്നേ ദിവസം നടക്കും. സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.

ആലോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, വൈസ് പ്രസിഡന്റ് വി.കെ. ബാബുകുട്ടി, ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവോ അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി. ജെ. സുഹൈബ്, റേഞ്ച് ഓഫിസര്‍മാരായ ജ്യോതിഷ് കുഴാക്കല്‍, ജി. അജികുമാര്‍, അഖില്‍ ബാബു, ജലീല്‍ പി. എ., കണ്ണന്‍ എസ., സേവ്യര്‍ ടി. എസ്., അജയഘോഷ് എം. കെ., കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് അനൂപ് വിജയകുമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.