കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള വ്യവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രെന്റീസ്‌ഷിപ്പ് മേള ജില്ലയിൽ സംഘടിപ്പിച്ചു. പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ 308 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഐ ടി ഐ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയാണ് മേള സംഘടിപ്പിച്ചത്. പൊതുമേഖല, സ്വകാര്യ മേഖലകളിൽ നിന്നായി 15 സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി. വിവിധ വകുപ്പ് മേധാവികളുമായി മുഖാമുഖം നടത്താനും മേളയില്‍ അവസരം ഒരുക്കിയിരുന്നു. തൃശൂർ കൂടാതെ പാലക്കാട്‌, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലും ഒരേസമയം മേളകൾ നടന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് മേള സംഘടിപ്പിച്ചത്. നാഷണല്‍ അപ്രന്റീസ് ആക്ട് 1961 പ്രകാരമുള്ള അപ്രന്റീസ് പരിശീലന പദ്ധതിയുടെ ശാക്തീകരണത്തിന്റെയും വിപുലീകരണത്തിന്റെയും ഭാഗമായാണ് മേള നടത്തിയത്. ജില്ലാ ആസൂത്രണ ഭവനിൽ നടന്ന മേള ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ആർ ഐ സെന്റർ ട്രെയിനിംഗ് ഓഫീസർ സുധ പി കെ, അഡിഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് പി പി സിംഗ് (എൻ എസ് ടി ഐ, നാഷണൽ അപ്പ്രെന്റിസ് പ്രൊമോഷൻ സ്കീം, കോഴിക്കോട് ), ജില്ലയിലെ വിവിധ ഐ ടി ഐ കളിലെ പ്രിൻസിപ്പൽമാർ എന്നിവർ മേളയിൽ പങ്കെടുത്തു.