കോൾ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ മേഖലയിലെ അടിസ്ഥാന കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോൾ വികസന പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണം ഉറപ്പുവരുത്തുന്നതിനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച പകൽ 3 മണിക്ക് യോഗം ചേരും. ഇത് സ്ഥിരം സംവിധാനമായി പ്രവർത്തിക്കും. വിവിധ വകുപ്പുകൾ പ്രതിമാസ റിപ്പോർട്ട് അവതരിപ്പിക്കും. തൃശൂർ ആർഡിഒ കോഓർഡിനേറ്ററായി പ്രവർത്തിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, വിവിധ വകുപ്പുമേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപറേഷൻ പ്രവർത്തന ഷെഡ്യൂൾ തയ്യാറാക്കി മൂന്നാഴ്ചക്കകം കലക്ടർക്ക് സമർപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ബണ്ടിന് മുകളിൽ മണ്ണുമൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്യുന്നതിന് കെഎൽഡിസിക്ക് നിർദേശം നൽകി. പുതിയ പമ്പുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കെ എസ് ഇ ബിയുടെയും കൃഷി വകുപ്പിൻ്റെയും സംയുക്ത പരിശോധന മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണം. കലക്ടറുടെയും കൺസ്ട്രക്ഷൻ എൻജിനീയറുടെയും ആഭിമുഖ്യത്തിൽ കാലതാമസം വരുത്തുന്ന കോൺട്രാക്ടർമാരെ വിളിച്ച് യോഗം ചേരണം. തൃശൂർ, പൊന്നാനി മേഖലാ കമ്മിറ്റികൾ തിങ്കളാഴ്ച നടന്നതിനെ തുടർന്ന് പൂർണ യോഗം വിളിച്ചുചേർത്ത് അധിക പദ്ധതിതുക വിനിയോഗം സംബന്ധിച്ച് തീരുമാനമുണ്ടാക്കും. സബ്മേർസിബിൾ പമ്പുകൾ ഇല്ലാത്ത കോൾപടവുകളിൽ അവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.

ടെക്നിക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും കർഷകർക്കുള്ള കുമ്മായ ലഭ്യത കൃഷിമന്ത്രിയുമായി ഇടപെട്ട് ഉറപ്പാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, കലക്ടർ ഹരിത വി കുമാർ, ആർഡിഒ പി എ വിഭൂഷണൻ, റീബിൽഡ് കേരള ഇനീഷ്യേറ്റീവ് കോഓർഡിനേറ്റർ ഡോ.വിവൻസി, കോൾ വികസന അതോറിറ്റി കോഓർഡിനേറ്റർ പി എസ് സുരേന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കോൾ കർഷകസംഘം പ്രസിഡൻ്റ് കെ കെ കൊച്ചുമുഹമ്മദ്, സെക്രട്ടറി എൻ കെ സുബ്രഹ്മണ്യൻ, എം ആർ മോഹനൻ, സി എസ് പവനൻ തുടങ്ങിയവർ പങ്കെടുത്തു.