തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യം നല്‍കുന്ന മികവ് പദ്ധതിക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മികവ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് നിര്‍വ്വഹിച്ചു.

പഞ്ചായത്തിലെ 50 വയസില്‍ താഴെയുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിശീലനം. അവിദഗ്ദ തൊഴിലാളികളെ വിദഗ്ദ തൊഴിലാളികളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദഗ്ദ തൊഴിലാളികളായി മാറുന്നവര്‍ക്ക് ദിവസവേതനം 311 രൂപയില്‍ നിന്ന് 780 രൂപയായി വര്‍ദ്ധിക്കും. കിലയുടെ നേതൃത്വത്തില്‍ സംസ്ഥാന തൊഴിലുറപ്പ് മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വാര്‍ഡ് 14 പാലക്കപറമ്പില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, ദീപക് കെ കെ, അക്രഡിറ്റഡ് എന്‍ജിനീയര്‍ ഷാന്റി ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.