സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി

കൊണ്ടാഴി – കുത്താമ്പുള്ളി  നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. കൊണ്ടാഴി – കുത്താമ്പുള്ളി റോഡ്, പാലം സ്ഥലം ഏറ്റെടുപ്പും സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പുതുക്കിയ ഡിപിആർ പ്രകാരമുള്ള ഭരണാനുമതിക്കായി  കിഫ്‌ബിയിൽ സമർപ്പിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആകെ 51 പേർക്കാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. ഇതിൽ 21 പേർക്കുള്ള രേഖകൾ ഉടമസ്ഥർക്ക് മന്ത്രി കൈമാറി.
ഭൂമി ഏറ്റെടുക്കലിന് വേണ്ടി ആകെ 6.27 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. ഭൂമി കൈമാറിയതിന്റെ മുഴുവന്‍ രേഖകളും മന്ത്രി കെആർഎഫ്ബി അസി.എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ഇ ഐ സജിത്തിന് കൈമാറി.

2016-17 വർഷത്തെ കിഫ്ബി സ്‌കീമിൽ ഉൾപ്പെടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും – കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചു കൊണ്ട് ഗായത്രിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണിത്. ചരിത്ര പ്രസിദ്ധമായ കുത്താമ്പുളളി നെയ്ത്തു ഗ്രാമത്തെ  മറുകരയിലെ ചേലക്കര- മായന്നൂർ-ഒറ്റപ്പാലം റോഡിലേക്ക് മായന്നൂർ കാവ് ക്ഷേത്രത്തിന് സമീപം വന്ന് ബന്ധിപ്പിക്കും. ആകെ മൂന്ന് പാലങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. പുഴയ്ക്ക് കുറുകേയുള്ള ഒരു പാലം, പ്രളയത്തിനോട് അനുബന്ധിച്ച് പുഴ വഴി മാറി ഒഴുകിയ കുത്താമ്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലം, കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിൻ്റെ അപ്പ്രോച്ച് റോഡും ആണ് പദ്ധതിയുടെ ഭാഗമായുള്ളത്.

കുത്താമ്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തില്‍ നടന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പ്രശാന്തി, ബ്ലോക്ക്‌ മെമ്പർ കെ പി ശ്രീജയൻ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉദയൻ എം, എ ഡി എം റെജി പി ജോസഫ്, തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം കെ കിഷോർ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി ബി ജ്യോതി, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, റവന്യൂ, കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥർ, പദ്ധതി പ്രദേശത്തെ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.