കര്‍ഷകര്‍ക്ക് സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റ് ഹാളില്‍ നടന്ന സെമിനാര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിജുമോന്‍ സകറിയ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് വര്‍ക്ക് സൂപ്രണ്ട് എ.യൂനുസ്, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി ജില്ലാ കോര്‍ഡിനേറ്റര്‍ സ്റ്റെഫിന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. നൂരോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം), സൂക്ഷ്മ ജലസേചന പദ്ധതി (പി.എം.കെ.എസ്.വൈ-പി.ഡി.എം.സി), കാര്‍ഷിക വികസന ഫണ്ട് (എ.ഐ.എഫ്) പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി വിശദീകരണവും, ഡീലര്‍ മാനുഫാക്ചേര്‍സ് മീറ്റും നടത്തി.

ബ്ലോക്ക്തലത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനും പദ്ധതിയില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി മുഴുവന്‍ കര്‍ഷകരും ബ്ലോക്ക് അടിസ്ഥാനത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പനമരം ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 28-ന് മില്ലുമുക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും മാനന്തവാടി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 29-ന് മാനന്തവാടി ട്രൈസം ഹാളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും സെമിനാര്‍ സംഘടിപ്പിക്കും.