കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കട്ടപ്പന നഗരസഭ പരിധിയിൽ തെരുവുനായ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം നഗരസഭയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തെരുവുനായ ശല്യത്തിനെതിരെ നഗരസഭ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായാണ് 11 ദിവസം നീണ്ടുനിൽക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിന്റെയും കട്ടപ്പന ഗവ. വെറ്ററിനറി പോളി ക്ലിനിക്കിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ പരിധിയിലെ 34 വാർഡുകളിലായി സെപ്തംബർ 28 മുതൽ ഒക്ടോബർ 13 വരെയാണ് ക്യാമ്പ് നടത്തുക. തെരുവുനായ്ക്കളിലെ പേവിഷബാധ വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ എല്ലാ വളർത്തു നായ്ക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

ക്യാമ്പുകൾക്ക് മുന്നോടിയായി കട്ടപ്പന നഗരസഭയിലെ വിവിധ വാർഡുകളിൽ അനൗൺസ്മെന്റ് നടത്തി. അനുവദിച്ച സമയ പരിധിക്കുള്ളിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകേണ്ടതും, ഒക്ടോബർ 20ന് മുമ്പായി നഗരസഭ ഓഫീസുമായി ബന്ധപ്പെട്ട് ലൈസൻസ് എടുക്കേണ്ടതും കോളർബെൽറ്റ് വാങ്ങേണ്ടതുമാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ലൈസൻസ് എടുക്കാതെ വളർത്തുനായ്ക്കൾ അലഞ്ഞു തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.