ആലപ്പുഴ: പ്രളയക്കെടുതിയില്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 180 സ്‌കൂളുകള്‍ ക്യാമ്പ് കഴിയുമ്പോള്‍ പഴയതുപോലെതന്നെ വൃത്തിയായി പുനസ്ഥാപിക്കണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ എന്‍.പദ്മകുമാര്‍ അറിയിച്ചു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി നടത്തിയ ആരോഗ്യ ജാഗ്രതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച കഴിയുമ്പോള്‍ ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം ഊര്‍ജിതമാക്കണം. ക്യാമ്പുകളില്‍ കഴിയുന്നതും അല്ലാത്തവരുമായ പ്രളയബാധിതര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവു. പാര്‍പ്പിടങ്ങള്‍ വേഗം പുനസ്ഥാപിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടുംബശ്രീ, സാമുഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൗണ്‍സിലിങ്ങുകള്‍ ഒരുമിച്ച് നടത്തണം. വെള്ളമൊഴിയുന്നതോടെ റോഡുകളിലെ കുഴികളടച്ച് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയ പാത/റോഡ്സ് വിഭാഗം അറിയിച്ചു. കന്നുകാലികളുടെ ക്ലെയിമുകള്‍ വേഗത്തിലാക്കണം. ക്യാമ്പുകളില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തിവയ്ക്കാന്‍ ലേബര്‍ഓഫീസറോടാവശ്യപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.ഡി.എസ് പ്രവര്‍ത്തകരെയും ചുമതലപ്പെടുത്തും. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി എല്ലാ ക്യാമ്പുകളിലും രോഗികളെ പരിചരിക്കാന്‍ സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
80 പാടശേഖരങ്ങളില്‍ മടവീണെന്ന് കൃഷി വകുപ്പ് അറിയിച്ചു. പാടശേഖരങ്ങളിലെ വെള്ളമിറങ്ങാന്‍ മോട്ടറുകള്‍ പുതിയത് സ്ഥാപിക്കും. 10,495 ഹെക്ടര്‍ കൃഷിയാണ് നശിച്ചിരിക്കുന്നത്.
പൂര്‍ണമായും സ്ഥാവര ജംഗമ വസ്തുക്കള്‍ നഷ്ടപ്പെട്ട വയോധികര്‍ക്ക് വരുമാനം കിട്ടുന്ന തരത്തിലുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കണം.വെള്ളം ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളുള്‍പ്പെടെ ഊര്‍ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി.
