കുന്നംകുളം മണ്ഡലത്തിലെ തെരുവുനായ പ്രശ്‍നം പരിഹരിക്കുന്നതിനായി വാക്സിനേഷൻ ഡ്രൈവ് കാര്യക്ഷമമാക്കാൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ പ്രശ്നപരിഹാര യോഗത്തിലാണ് തീരുമാനം.
മത്സ്യ-മാംസ മാർക്കറ്റുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. വിവാഹമണ്ഡപങ്ങളിളെയും ആഘോഷപരിപാടികളുടെയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. റോഡരികിലും വിജനമായ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ബസ്റ്റാൻഡിലും മറ്റു ജനവാസ മേഖലകളിലും ജാഗ്രത പുലർത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകി.
കുന്നംകുളം മണ്ഡലത്തിലെ മുഴുവൻ വളർത്തുനായകൾക്കും ഒക്ടോബർ 30നകം ലൈസൻസ് എടുക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ ബി സി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർതലത്തിൽ സമ്മർദം ചെലുത്തും.
തെരുവുനായകൾക്ക് വേണ്ട ഷെൽട്ടർ സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടത്താം. തെരുവുനായ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും എംഎൽഎ നിർദ്ദേശിച്ചു. പുരോഗതി വിലയിരുത്തുന്നതിന് പഞ്ചായത്ത് തലത്തിൽ ഒക്ടോബർ മാസത്തിൽ യോഗം ചേരാനും തീരുമാനിച്ചു.