ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തും. സമൂഹത്തിൽ പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗത്തെ പൊതുസമൂഹത്തിനൊപ്പം മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനായി  ‘എല്ലാവരും ഉന്നതിയിലേക്ക് ‘ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ പക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകിട്ട്  4.30 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് വൈകിട്ട് 3ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് സമീപത്തുനിന്നും ആരംഭിച്ച് നിശാഗന്ധി ഓഡിറ്റോറിയം വരെ നടത്തുന്ന ഘോഷയാത്രയും തുടർന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറും.