ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. അവാർഡിന് അർഹമായ നഗരസഭകളിലെ ജനപ്രതിനിധികളെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശുചിത്വ മേഖലയിൽ കേരളം നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാർഡ് നേട്ടമെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പ്രചോദനമാകും. മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം കൂടുതൽ വേഗം പകരുമെന്നും മന്ത്രി പറഞ്ഞു.
അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഗുരുവായൂർ അവാർഡിന് അർഹമായത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്‌കാരം സ്വന്തമാക്കി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡൽഹിയിൽ നടക്കുന്ന സ്വച്ഛ് ശേഖർ സമ്മേളനത്തിൽ സ്വച്ഛ് സുർവ്വേക്ഷൻ അവാർഡ് വിതരണം ചെയ്യും.