സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകൾ പൂർണ്ണമായും ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ (ONDLS) മുഖാന്തരമാക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഇന്ത്യ (DCGI) യുടെ നിർദ്ദേശമുണ്ട്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓൺലൈൻ പോർട്ടൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയും സംസ്ഥാനത്ത് പ്രസ്തുത പോർട്ടൽ നടപ്പിലാക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മരുന്നുകളുടെ നിർമ്മാണം, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും തിരുവനന്തപുരം ജില്ലയിൽ സെപ്തംബർ 15 മുതലും മറ്റ് ജില്ലകളിൽ ഒക്ടോബർ 1 മുതലും ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ മുഖാന്തരം മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് അറിയിക്കുന്നു.
ആയതിനാൽ എല്ലാ ജില്ലകളിലും ഇത്തരം സേവനങ്ങൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 1, 2022 മുതൽ ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ മുഖേന സമർപ്പിക്കേണ്ടതാണെന്നും പ്രസ്തുത തിയതി മുതൽ XLN പോർട്ടൽ മുഖാന്തിരം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലായെന്നും അറിയിക്കുന്നു. ഓൺലൈൻ ലൈസൻസിംഗ് പോർട്ടലിന്റെ സുഗമമായ പ്രവർത്തനത്തിനായി രജിസ്റ്റേഡ് ഫാർമസിസ്റ്റുകളും അവരുടെ യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദാംശങ്ങൾ ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും ഇപ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറക്ക് ലഭ്യമാകുന്ന ടെക്‌നിക്കൽ രജിസ്‌ട്രേഷൻ നമ്പർ ഈ പോർട്ടൽ വഴിയുള്ള തുടർ സേവനങ്ങൾക്ക് സൂക്ഷിക്കേണ്ടതുമാണ്.
ഇതുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്ക് അതത് ജില്ലാ കാര്യാലയങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ (User Manual) ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (dc.kerala.gov.in) ലഭ്യമാണ്.