ലഹരി വിമുക്ത കേരളം ക്യാംപയിനിന്റെ മുന്നോടിയായുള്ള അധ്യാപക പരിവര്‍ത്തന പരിപാടിക്ക് മേലടി ബി.ആര്‍.സിയില്‍ തുടക്കമായി. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുന്ന ലഹരി വിമുക്ത കേരളം ക്യാംപയിനിന്റെ മുന്നോടിയായി മേലടി ബി.ആര്‍.സി ഒന്നു മുതല്‍ പ്ലസ് 2 വരെയുള്ള ഗവ, എയ്ഡഡ് സ്‌കൂളുകളിലെ 903 അധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സപ്തംബര്‍ 30 വരെ പരിശീലനം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് മൂന്ന് ദിവസം നീളുന്ന പരിശീലനം.

മേലടി ബി.ആര്‍.സി കേന്ദ്രത്തില്‍ നടക്കുന്ന എല്‍.പി, യു.പി വിഭാഗം അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നിര്‍വഹിച്ചു. ചടങ്ങില്‍ മേലടി ബി.പി സി അനുരാജ് വരിക്കാലില്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍ സി ട്രെയ്‌നര്‍മാരായ എം.കെ രാഹുല്‍, പി.അനീഷ്, കെ.സുനില്‍കുമാര്‍, പി.കെ വിജയന്‍, ഷമേജ്, ഹരീഷ്, നിമീഷ് എന്നിവര്‍ സംസാരിച്ചു.

ബി.ടി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. പ്രധാനാധ്യാപിക പി.സുചിത്ര അധ്യക്ഷത വഹിച്ചു. മേലടി ബി.പി.ഓ വി.അനുരാജ്, മഗേഷ് മലോല്‍ എന്നിവര്‍ സംസാരിച്ചു.