തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ മാറ്റ് കൂട്ടാൻ ലോകനാർകാവ് ഒരുങ്ങുന്നു. ‘പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ്‌ പ്രോജക്ട് അറ്റ് ലോകനാർകാവ് ടെമ്പിൾ’ പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കാൻ തീരുമാനമായി. പദ്ധതി യാഥാർഥ്യമാവുന്നതോടെ സർഗാലയയും സാൻഡ്‌‌  ബാങ്ക്സും ലോകനാർകാവും പയംകുറ്റിമലയും ഉൾപ്പെട്ട ടൂറിസം കോറിഡോറും യാഥാർഥ്യമാവും.

ലോകനാർകാവ് തീർഥാടന ടൂറിസം പദ്ധതി മുഖേന ശുചിമുറി സംവിധാനങ്ങളോടു കൂടിയുള്ള 14 അതിഥി മുറികൾ, 11 കിടക്കകളുള്ള ഡോർമിറ്ററി, കളരി കേന്ദ്രം എന്നിവ നിർമ്മിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഇതിനായി 4.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിൽ ലോകനാർകാവിലെത്തുന്ന തീർഥാടകർക്ക് താമസിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങൾക്കുമായി സൗകര്യങ്ങൾ കുറവാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

കിഫ്ബിയുടെ നേതൃത്വത്തിൽ 3.74 കോടി രൂപയുടെ പ്രവർത്തികളും ലോകനാർകാവിൽ പുരോഗമിക്കുകയാണ്. തന്ത്രി മഠം നിർമ്മാണം, ഊട്ടുപുര നിർമ്മാണം, വിഷ്ണുക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗത്ത് കല്ല് പതിക്കൽ, വലിയ ചിറയുടെ സംരക്ഷണഭിത്തി നിർമ്മാണം, കൊട്ടാരം പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.