മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഇനി ഡിജിറ്റലില്‍

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും കോട്ടത്തറ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കോട്ടത്തറ. ഹരിത കര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തീയാക്കിയത്. ഇതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടല്‍ നടത്താനും പഞ്ചായത്തിന് സാധിക്കും.

24 ഹരിത കര്‍മസേന അംഗങ്ങളാണ് കോട്ടത്തറയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. വീടുകളും സ്ഥാപനങ്ങളുമായും 4698 എന്റോള്‍മെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഇവര്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീ കരിച്ചത്. ഒരു വാര്‍ഡില്‍ 2 പേര്‍ക്കാണ് ചുമതലയുണ്ടായിരുന്നത്. ഹരിത സഹായ സ്ഥാപനമായ നിറവിന്റെയും കെല്‍ട്രോണിന്റെയും പിന്തുണയും ഹരിത കര്‍മ സേനക്ക് ലഭിച്ചു.

ജില്ലയില്‍ അമ്പലവയല്‍, എടവക, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, മീനങ്ങാടി, കണിയാമ്പറ്റ, കോട്ടത്തറ, മുട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ കല്‍പ്പറ്റ നഗരസഭ എന്നീ 9 തദ്ദേശ സ്ഥാപനങ്ങളെയാണ് ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്ന തിനായി     ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നവ കേരളം കര്‍മ പദ്ധതിയില്‍ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും സഹകരണ ത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്.

ഡിജിറ്റലാകും മാലിന്യ സംസ്‌ക്കരണം

ഓരോ വീട്ടിലും സ്ഥാപനത്തിലും പ്രത്യേക ക്യു.ആര്‍ കോഡ് പതിപ്പിച്ചു എന്റോള്‍മെന്റ് ചെയ്യുന്നതിനാല്‍ തദ്ദേശ സ്ഥാപങ്ങളില്‍ നടക്കുന്ന ശുചിത്വ മാലിന്യം സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഒരു ഏകീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹരിത്രമിത്രം ആപ്പിന്റെ പ്രത്യേകത. എന്റോള്‍മെന്റ് ചെയ്യുമ്പോള്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും ആപ്പില്‍ രേഖപ്പെടുത്തും. തദേശ ഭരണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മാലിന്യ അവലോകനം, മാലിന്യം സംബന്ധിച്ച വാര്‍ഡ് തിരിച്ചുള്ള സര്‍വേ/പ്ലാന്‍ എന്റോള്‍മെന്റ് വിശദാംശങ്ങള്‍, മാലിന്യ സംസ് കരണവുമായി ബന്ധപെട്ടു വാര്‍ഡ് തിരിച്ചുള്ള സേവനം, പരാതികള്‍, യൂസര്‍ഫീ ശേഖരണം എന്നിവയുടെ വിശദാംശങ്ങളെല്ലാം ഈ വെബ് പോര്‍ട്ടല്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌കരണ നടപടികള്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സേവനം വിലയിരുത്തുവാനും പരാതികള്‍ അറിയിക്കുവാനുമുള്ള സൗകര്യം എന്നിവയെല്ലാം ആപ്പിലൂടെ സാധിക്കും. പ്രതിദിനം രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, ശേഖരിച്ചു സംസ്‌ക്കരിക്കുന്ന മാലിന്യത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ പ്രതിദിന അപ്ഡേഷനിലൂടെ ലഭ്യമാകുന്നതിനാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങള്‍ കൃത്യമായ ആസൂത്രണം ചെയ്യുന്ന തിനും നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകരമാകും. മാലിന്യ സംസ് കരണ പ്രവര്‍ത്തങ്ങളില്‍ ഹരിത കര്‍മ്മസേനയുമായി സഹകരിക്കാത്ത വീടുകളെയെയും സ്ഥാപങ്ങളേയും ആപ്പു വഴി എളുപ്പത്തില്‍ കണ്ടെത്താനും കഴിയും.

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യായിലധിഷ്ഠിതമായ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, എല്ലാ ഗാര്‍ഹിക ,സ്ഥാപന ഉടമകളെയും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ ഉപഭോക്താകളാക്കി മാറ്റുക, ഏകീകൃത മോണിറ്ററിങ് സാധ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. മീനങ്ങാടി എല്‍ദോ മാര്‍ ബാസോലിയോസ് കോളേജ്, കല്പറ്റ ഗവണ്മെന്റ് കോളേജ്, മാനന്തവാടി ഗവണ്മെന്റ് കോളേജ്, കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈയ്ഡ് സയന്‍സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനോടകം എന്റോള്‍മെന്റ് പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഇടം പിടിക്കാത്ത മറ്റു തദ്ദേശ സ്ഥാപങ്ങളിലേക്കും ഹരിത മിത്രം ആപ്ലിക്കേഷന്‍ പദ്ധതി ഉടന്‍ വ്യാപിപ്പിക്കും.