ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും. സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ഒക്ടോബർ 2 (ഗാന്ധി ജയന്തി ദിനം) മുതൽ നവംബർ 1 (കേരള പിറവി) വരെ എല്ലാ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാകും.
സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ പ്രത്യേകമായി ഈ കാലയളവിൽ സംഘടിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പട്ടികജാതി, പട്ടിക വർഗ മേഖലകളിലും, അതിഥി തൊഴിലാളികൾ കൂടുതലായി അധിവസിക്കുന്ന മേഖലകളിലും, തീരദേശ മേഖലകളിലും ശക്തമായ ബോധവത്ക്കരണവും എൻഫോഴ്സ്മെന്റ് പ്രവർത്തനവും നടത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ്. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റർ, ബോർഡ് തുടങ്ങിയവ സംസ്ഥാനത്താകെ സർക്കാർ നിർദേശിച്ച പ്രകാരം ഒരേ രീതിയിൽ സ്ഥാപിക്കും. വകുപ്പുകളുടെ കീഴിലുള്ള സംഘടനകളോടും സഹകരണ സ്ഥാപനങ്ങളോടും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതുകൂടാതെ ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകൾ മുഖാന്തിരം നിലവിൽ നടത്തി വരുന്ന ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഈ വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഡീഅഡിക്ഷൻ സെന്ററുകൾ, വിമുക്തി ക്ലിനിക്കുകൾ മുതലായവയുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്ത് കൂടുതൽ ശക്തിപ്പെടുത്തും.
ആരോഗ്യ സർവകലാശാലയുമായി അഫിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മെഡിക്കൽ കോളേജുകൾ, മറ്റ് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മറ്റ് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോമുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തും.
ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർമാർ, സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയ മുഴുവൻ ഫീൽഡ് വിഭാഗം പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.