ആലപ്പുഴ : പ്രളയക്കെടുതിയിൽ വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെയും അവർ താമസിക്കുന്ന ക്യാമ്പുകളുടേയും ശുചിത്വം ഉറപ്പാക്കാൻ ഊർജിത മാലിന്യ സംസ്‌കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ക്യാമ്പുകളിലുൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്ന രീതിയാണ് ജില്ലയിലെ മിക്ക ക്യാമ്പുകളും പിന്തുടരുന്നത്.
കത്തിക്കാൻ കഴിയുന്ന മാലിന്യങ്ങൾ കത്തിച്ച് ബാക്കിയുള്ളവ അതാത് പ്രദേശത്തെ ഹരിത കർമ സേനയെയാണ് ഏൽപ്പിക്കുന്നത്. ക്യാമ്പുകളിലെ ജൈവ- അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്‌ക്കരിക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ചാക്കുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിത കർമസേന പ്‌ളാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിലേക്കെത്തിക്കുന്നുണ്ട്.
ബയോ ഗ്യാസ് പ്ലാന്റുകളുള്ള സ്‌ക്കൂളിലെ ബയോ ഗ്യാസ് പ്ലാന്റുകളും മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ദിവസം കൊണ്ട് വലിയ തോതിൽ ജൈവമാലിന്യം ഇതിലേക്ക് എത്തിയിട്ടുണ്ട്. ഇതു കൂടാതെ അതാത് പ്രദേശങ്ങളിലെ വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയും മാലിന്യ നിർമ്മാർജ്ജനത്തിലും സംസ്‌ക്കരണത്തിലും പൂർണമായും സഹകരിക്കുന്നുണ്ട്.
പൂങ്കാവ് മേരി ഇമാക്കുലേറ്റ് ഹൈസ്‌ക്കൂളിൽ മാലിന്യം ഹരിത കർമസേന തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ക്യാമ്പുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം. കൂടുതൽ ഫലപ്രദമായ രീതിയിൽ മാലിന്യം സംസ്‌കരിക്കാൻ ആലപ്പുഴ മാതൃകയെന്നറിയപ്പെടുന്ന എയ്‌റോബിക് യൂണിറ്റുകളും യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കും.