ബത്തേരി നഗരസഭയുടെ ‘ഹാപ്പി ഹാപ്പി ബത്തേരി’ പരിപാടിയുടെ ഭാഗമായി നടക്കുന്ന ”നറു പുഞ്ചിരി’ പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേല്‍ക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. നഗരസഭയുടെ പരിധിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും മെഡലും സമ്മാനപ്പൊതികളും നല്‍കിയാണ് വരവേല്‍ക്കുന്ന്. കഴിഞ്ഞ ജൂലൈയില്‍ തുടങ്ങിയ പദ്ധതിയില്‍ കുഞ്ഞുങ്ങള്‍ക്ക് മെഡലുകളും സമ്മാനപ്പൊതികളും നഗരസഭാ ഭാരവാഹികള്‍ വീടുകളില്‍ എത്തിയാണ് നല്‍കുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതിയിലേക്ക് ഗിഫ്റ്റ് ബോക്സുകള്‍ സന്നദ്ധ സംഘടനകളും നല്‍കാറുണ്ട്. ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ പദ്ധതിയിലേക്കുള്ള ബേബി പാക്കറ്റുകള്‍ നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശിന് കൈമാറി.
നറു പുഞ്ചിയുടെ പ്രവര്‍ത്തനവുമായി സഹകരിച്ച ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ നഗരസഭ അഭിനന്ദിച്ചു. പദ്ധതിക്കായി മുഴുവന്‍ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് നഗരസഭ ചെയര്‍മാര്‍ അറിയിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ മൂഴയില്‍, സെക്രട്ടറി യു.എ. അബ്ദുള്‍ മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു