‘കുടുംബശ്രീ ബസാർ’ ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങി

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ അവസരമൊരുക്കുകയാണ് ‘ കുടുംബശ്രീ ബസാർ’. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബാലുശ്ശേരിയിൽ കുടുംബശ്രീ ബസാറിന് തുടക്കമായി. പ്രാദേശിക സാമ്പത്തിക വികസനം മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാലുശ്ശേരി പഞ്ചായത്തിന്റെ ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ബസാർ കെ.എം സച്ചിൻ ദേവ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.

 

അച്ചാർ, കറിപൗഡർ, വെളിച്ചെണ്ണ, സ്‌ക്വാഷ്‌, പേപ്പർ പേനകൾ, സോപ്പ്, മറ്റ് നാടൻ ഉത്പന്നങ്ങൾ തുടങ്ങിയവ ബസാറിൽ ലഭ്യമാവും. രുചിയിലും ഗുണമേന്മയിലും ഒട്ടും വിട്ടുവീഴ്ച ഇല്ലാതെയാണ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിലേക്ക് എത്തുന്നത്. അറുപതോളം ഉൽപ്പന്നങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാറിൽ വില്പനക്ക് എത്തിച്ചിരിക്കുന്നത്.

 

എഴുനൂറോളം ചതുരശ്ര അടിയാണ്‌ വിസ്‌തീർണം. ഇതിനായി രൂപീകരിച്ച കൺസോർഷ്യമാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. അടുത്തഘട്ടത്തിൽ സൂപ്പർ മാർക്കറ്റായി ഇതിനെ ഉയർത്താനാണ്‌ ലക്ഷ്യമിടുന്നത്. സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷം രൂപയും എൻ. ആർ. എൽ.എം ഫണ്ടായ 20 ലക്ഷവുമാണ് പദ്ധതിക്കായി അനുവദിച്ചത്.

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ആദ്യവില്പന നടത്തി. കുടുംബശ്രീ ജില്ലാമിഷൻ എ. ഡി. എം.സി കെ. അഞ്ജു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടമ്പള്ളിക്കുന്നത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ അശോകൻ, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മിഷൻ കോഡിനേറ്റർ ഗിരീശൻ പി.എം സ്വാഗതവും കൺസോർഷ്യം സെക്രട്ടറി മഞ്ജുള ടി കെ നന്ദിയും പറഞ്ഞു.