ഈ വർഷം ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുമെന്നും കൂടുതൽ ജനകീയമാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂർ മാത്തോട്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കൂട്ടായ്മയുടെ അടയാളമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്. ജനങ്ങൾ ഒറ്റക്കെട്ടായി വാട്ടർ ഫെസ്റ്റിന് ഒരുങ്ങണമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂരിലെ ഗതാഗതക്കുരുക്കിന് സമീപഭാവിയിൽ പരിഹാരമുണ്ടാകും.
ബേപ്പൂർ മറീന പദ്ധതി വികസനത്തിന്റെ പാതയിലാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സർഫിങ് സ്കൂൾ ബേപ്പൂരിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായിരുന്നു. എല്ലാ കമ്മിറ്റി അംഗങ്ങളും സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായ കമ്മിറ്റിയിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ,മേയർ ബീന ഫിലിപ്പ്, എം പിമാരായ എം.കെ രാഘവൻ,എളമരം കരീം,ബിനോയ് വിശ്വം,പി.ടി ഉഷ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എന്നിവർ രക്ഷാധികാരികളാണ്.
ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയാണ് വാട്ടർ ഫെസ്റ്റ് കമ്മിറ്റിയുടെ ചെയർമാൻ. 18 സബ് കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് കമ്മറ്റി രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. സബ്കലക്ടർ വി ചെത്സാസിനി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ,
സ്പോർട്സ് കൗൺസിൽ ചെയർമാൻ ഒ.രാജഗോപാൽ, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ് രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.