കാട്ടാനശല്യം തടയാൻ ആറളം ഫാം മേഖലയിൽ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ 2000 കുടുംബങ്ങളിലെ 8000ത്തോളം ജനങ്ങൾ കാട്ടാന ശല്യം കാരണം ഭീതിയിലാണെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 13 വർഷത്തിനിടെ ആറളം പഞ്ചായത്തിലെ കേവലം ഒരു വാർഡായ ഈ പ്രദേശത്ത് 12 പേരാണ് ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം ഇവിടെ മൂന്ന് പേർ മരിച്ചു. ഫാമിലും പുനരധിവാസ മേഖലയിലുമായി 50ലധികം കാട്ടാനകളാണ് ഭീതി പരത്തുന്നത്. 
2018ൽ ആനമതിൽ നിർമ്മിക്കാൻ 22 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അതിൽ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്ന് മന്ത്രിമാർ ഉൾപ്പടെ പങ്കെടുത്ത് ആറളം ഫാമിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലും ആനമതിൽ പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. ഹൈക്കോടതി വിധിയും നിർമ്മാണം അനിശ്ചിതത്വത്തിലാക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.