ഉദ്ഘാടനം നാലിന് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും
തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ ബി സി) സെൻറർ സജ്ജമായി. പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും.
പ്രീഫാബ്രിക്കേറ്റഡ് രീതിയിലാണ് കെട്ടിടം നിർമ്മിച്ചത്. 100 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ശസ്ത്രക്രിയ നടത്താനുള്ള തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, എ ബി സി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം വിജനമായ സ്ഥലത്താണ് സെന്റർ സ്ഥിതി ചെയ്യുന്നത്. രണ്ട് ഡോക്ടർമാർ, രണ്ട് ഓപ്പറേഷൻ തിയറ്റർ സഹായികൾ, 10 പട്ടിപിടുത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവരെയാണ് സെന്ററിൽ നിയമിച്ചിട്ടുള്ളത്. രണ്ട് ടീമുകളായാണ് ഇവർ പ്രവർത്തിക്കുക.

അതിരാവിലെയും വൈകീട്ടുമാണ് പട്ടികളെ പിടികൂടുക. ശസ്ത്രക്രിയക്ക് ശേഷം ആൺ നായ്ക്കളെ മൂന്ന് ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നീരിക്ഷണത്തിൽ പാർപ്പിക്കും. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ ലഭ്യമാക്കും. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്ഷൻ പ്ലാൻ പാലിച്ചാണ് പ്രവർത്തനങ്ങൾ. ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തരുത് എന്ന നിർദേശമുള്ളതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ പിടിച്ചു കൊണ്ടുവന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തിക്കും. തിരിച്ചറിയാനായി ചെവിയിൽ അടയാളം പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കൾ ആണെങ്കിൽ ചികിത്സ നടത്തി മാത്രമേ തിരിച്ചു വിടൂ. പേ വിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും.
ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ നിർമ്മിച്ചത്. നടത്തിപ്പിനായി 20 ലക്ഷം രൂപയും 2022-2023 വർഷം ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. പ്രവർത്തനം തുടരാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് നീക്കിവെക്കും.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത്ബാബുവിനാണ്  പദ്ധതിയുടെ നിർവഹണ ചുമതല. ജില്ലാ നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ  മലബാർ ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് സോണിൽ പ്രവർത്തിക്കുന്ന കാർട്ടൂൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് 15 ദിവസം കൊണ്ട് കാബിനുകൾ നിർമ്മിച്ചത്.