തിരുവനന്തപുരം: അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തുന്ന ജില്ലാതല പരിപാടികള്‍ക്ക്  തുടക്കമായി. ‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ വയോജനദിനാചരണ സന്ദേശം. വയോജനങ്ങളോടുള്ള ആദരവ് സൂചിപ്പിക്കുക,അവരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളെ കുറിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ശാരീരിക- മാനസിക- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നല്‍കി വരുന്ന സഹായ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണവും നല്‍കും.

ആരോഗ്യ സ്ഥാപനങ്ങളെ വയോജന സൗഹൃദമാക്കി മാറ്റാനുള്ള തീവ്രശ്രമമാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഇതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യതലം മുതല്‍ വയോജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന രീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ ജെറിയാട്രിക് വാര്‍ഡുകളും ഒപിയും ഫിസിയോ തെറാപ്പി യൂണിറ്റുകളും സജ്ജമായിക്കഴിഞ്ഞു. പക്ഷാഘാതക്ലിനിക്കുകള്‍, കാത്ത് ലാബുകള്‍, കൊറോണറി കെയര്‍ യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ ഇവയെല്ലാം തയ്യാറായിട്ടുണ്ട്. ദേശീയാരോഗ്യ ദൗത്യം വഴി എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സാന്ത്വന പരിചരണ നേഴ്സും ഫിസിയോ തെറാപ്പിസ്റ്റും ഒരു സെക്കണ്ടറി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്രിമ ദന്തങ്ങള്‍, ശ്രവണസഹായി, വൈകല്യങ്ങള്‍ കുറയ്ക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും നല്‍കി വരികയാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. വയോജന പരിപാലനം പരിഷ്‌കൃത സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്ത്വമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും ഇതിനെതിരെയുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ദ്ധക്യകാലത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തമുള്ളവരെ ചടങ്ങില്‍ ആദരിച്ചു. വയോജനപരിപാലനം, മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ മനഃശാസ്ത്ര വിദഗ്ധരുടെ ബോധവത്കരണ സെമിനാറും നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. വയോജനദിനാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ അഡീ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനില്‍കുമാര്‍ എല്‍ പ്രകാശനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ വിജയന്‍ വയോജനദിനാചാരണ സന്ദേശം നല്‍കി.