തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിക്കും. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയതെന്ന് കെവി സുമേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിനോദ സഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതാണ് തീർഥാടക ടൂറിസം പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പടെ തീർഥാടക വിനോദ കേന്ദ്രം പൂർത്തീകരിച്ചത്. വിജയദശമി ദിനത്തിൽ ഉൾപ്പെടെ പ്രതിവർഷം ഇരുപതിനായിരത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി നിരവധി പേർ എത്തുന്നുണ്ട്. 
ക്ഷേത്രത്തിൽ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കാനായി 2021 ആഗസ്റ്റ് 11ന് എംഎൽഎ നിയമസഭാ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കി. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിനകം തന്നെ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തി പൂർത്തിയായി.