വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും ജനകീയ ഹോട്ടല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അതിന് സഹായകമാണെന്നും മന്ത്രി പറഞ്ഞു. 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ 2020 മുതല്‍ വള്ളത്തോള്‍നഗര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ മൊയ്തു സാഹിബ് സ്മാരക ഹാളിനോട് ചേര്‍ന്നാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. സേവനം കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കാനും പ്രവര്‍ത്തനം വിപുലീകരിക്കാനുമായാണ് നായനാര്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിന് അടുത്തുള്ള ഷോപ്പിംഗ് കോപ്ലക്‌സിലെ വിശാലമായ ഹാളിലേയ്ക്ക് ഹോട്ടല്‍ മാറ്റുന്നത്. ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഓട്ടോ ഫ്‌ളാഗ്ഓഫും മന്ത്രി നിര്‍വ്വഹിച്ചു.