വയോജന പരിപാലനം കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വയോജന പരിപാലനം കൈകാര്യം ചെയ്യാൻ പൊതുസമൂഹത്തെ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ബോധവൽക്കരണത്തിലൂടെ ഇത് സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ജെറിയാട്രിക് കെയർ സെന്ററിൽ സംഘടിപ്പിച്ച വയോജന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എൻഎസ്എസിന്റെ നേതൃത്വത്തിൽ കോളേജുകളിൽ വയോ ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുവ തലമുറയ്ക്കിടയിൽ വയോജനങ്ങളോട് കരുതൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ശാരീരികവും മാനസികവുമായി വയോധികർക്കുണ്ടാകുന്ന അവശതകൾ മറികടക്കാനുള്ള ഊർജ്ജവും ആത്മവിശ്വാസവും പകരുക എന്നത് പ്രധാനമാണ്. ഇതിന്റെ ഭാഗമായി യുവജനങ്ങളുമായുള്ള സംസർഗം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വയോജന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് മന്ത്രി നിർവഹിച്ചു.