വള്ളത്തോള്‍നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാനമാണെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. പഴയന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസോലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വകുപ്പുകളുടെ സഹകരണം കൊണ്ടാണ് ഇത് സാധിച്ചത്. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. 2203.11. ചതുരശ്രടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പരിശോധന മുറി, ഒപി കൗണ്ടര്‍, പ്രീചെക്കപ്പ് റൂം, ഡ്രസിംഗ് മുറി, ഒബ്‌സര്‍വേഷന്‍ റൂം, ഫാര്‍മസി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക് അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ഡെപ്യുട്ടി ഡിഎംഒ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സാബിറ, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ പി നിര്‍മ്മല ദേവി, മെഡിക്കല്‍ ഓഫീസര്‍ ലത, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.