അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പോഷണ്‍ മാ- 2022 ന്റെ സമാപനവും ഐസിഡിഎസ് ദിനാചരണവും സംഘടിപ്പിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- അങ്കമാലി ബ്ലോക്ക് ഐസിഡിഎസ്, അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയില്‍ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. 30 ദിവസത്തെ പ്രചാരണത്തില്‍ ബോധവല്‍ക്കരണ പരിപാടികളും പാചകമേളകളും വിവിധ വകുപ്പുകളുമായി കൈകോര്‍ത്തു സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന ചടങ്ങും ഐസിഡിഎസ് ദിനാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡോക്ടര്‍ അസ്മാബിയുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും അങ്കണവാടി പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും നടന്നു. വിവിധ മത്സരങ്ങളില്‍ വിജയികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി.

സെപ്റ്റംബര്‍ മാസം പോഷന്‍ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷക സമൃദ്ധി ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയാണ് ‘പോഷന്‍ മാ’. ഗുരുതരമായ പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തല്‍, ന്യൂട്രീഷ്യന്‍ ക്യാമ്പ്, ന്യൂട്രീ ഗാര്‍ഡന്‍, ആരോഗ്യപരിശോധനാ ക്യാമ്പ്, ബോധവത്ക്കരണം, ഓണ്‍ലൈന്‍ പ്രചാരണം, പാചകമത്സരം, ചിത്രരചന, ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തി.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചുത്രേസ്യ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസര്‍മാരായ സോയ സദാനന്ദന്‍, സായാഹ്ന ജോഷി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ കെ.ഒ ജെസി, പി.റസിയ, പ്രിയ.പി.ശങ്കുണ്ണി, സീന ഉത്തമന്‍, സി.എം സൈനബ, പ്രതിഭ മത്തായി, അഞ്ചു ജോസ്, റിയാ റസാക്ക്, സമ്പുഷ്ട കേരളം ജീവനക്കാരായ ശരണ്‍ ശങ്കര്‍, പ്രിന്‍സ് ഫ്രാന്‍സിസ്, ഐസിഡിഎസ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.