രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഇടുക്കി യൂണിയന്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി പാലക്കാട്ട് അധ്യക്ഷനായിരുന്നു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം വെല്ലുവിളിയായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുകയും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗത്തിന് ബദലായി ഗുണമേന്മയുള്ള പേപ്പര്‍ ക്യാരി ബാഗുകള്‍ ശീലമാക്കേണ്ടതിന്റെ ആവശ്യകത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്തും ഇടുക്കി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത 28 അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രസിഡന്റ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടുക്കി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ നിജാസ് എം. മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജി സന്തോഷ്, വാര്‍ഡ് അംഗങ്ങളായ കെ ബി സുബാഷ്, പുഷ്പലത സോമന്‍, നിഷ രതീഷ്, ബിന്‍സു തോമസ്, മിനി ബേബി, പ്രിന്‍സ് തോമസ്, സുജിത്ത് ടി.കെ, കെ. പി. വത്സ, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി. എസ്. ബിജു എന്നിവര്‍ സംസാരിച്ചു.