വയോജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം സന്തോഷം പങ്കുവയ്ക്കാനും പകല്‍ വീടൊരുക്കി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. പഴയ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സജ്ജമാക്കിയ പകല്‍വീടിന്റെ ഉദ്ഘാടന കര്‍മ്മം വയോജന ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പകല്‍ വീട് ഒരുക്കിയത്. പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്ന തരത്തില്‍ മാനസികോല്ലാസത്തിനായി ടെലിവിഷന്‍, കാരംസ്, ചെസ് തുടങ്ങി കളികള്‍ക്കുള്ള സൗകര്യങ്ങള്‍, ചാരുകസേര, വിശ്രമത്തിനായി കട്ടിലും കിടക്കയും, മാറ്റുകള്‍, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പകല്‍ വീട് സജ്ജമാക്കിയിരിക്കുന്നത്. സായംപ്രഭ പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്.

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പകല്‍ വീടിന്റെ പ്രവര്‍ത്തന സമയം. ഇവിടെയെത്തുന്ന വയോധികരുടെ ആരോഗ്യക്ഷേമത്തിനായി പഞ്ചായത്ത് കെയര്‍ടേക്കറെയും നിയമിക്കും. ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജിഷ ഷാജി, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജെയിംസ് ആന്റണി, ഔസേപ്പച്ചന്‍ ശൗര്യാങ്കുഴി, എം.വി.മാത്യു, രാജീവ് കണ്ണാന്തറയില്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.ആര്‍.ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വൊസാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.