പ്രളയത്തിൽ മുങ്ങിയും ഒറ്റപ്പെട്ടും പോയവർക്കായുള്ള രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതിനെത്തുടർന്ന് ചെങ്ങന്നൂർ ഇനി ശുചിയാക്കൽ എന്ന വലിയ ദൗത്യത്തിലേക്ക് കടക്കുന്നു. പല വീടുകളിലും പ്രളയ ജലം ഒഴിഞ്ഞതോടെ ചെളിക്കൂമ്പാരമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് നീക്കം ചെയ്യുക എന്ന വലിയ ജോലി സർക്കാർ ഏജൻസിക്കും സന്നദ്ധപ്രവർത്തനം ഉൾപ്പടെയുള്ള സഹായ സഹകരണം കൊണ്ടും മാത്രമേ കഴിയുകയുള്ളു.
ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ നിരവധി ഏജൻസികൾ ശുചിയാക്കൽ ദൗത്യത്തിനായി ബന്ധപ്പെട്ടു വരുന്നുണ്ട്. ആദ്യമെത്തിയ ഏജൻസികളെ ഏറ്റവും കൂടുതൽ പ്രളയക്കെടുതി നേരിട്ട പാണ്ടനാടിന്റെ വിവിധഭാഗങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു പി.എസ്.സി പരിശീലന കേന്ദ്രത്തിൽ നിന്ന് നാൽപ്പതോളം കുട്ടികൾ ശുചീകരണ പ്രവർത്തനത്തിന് സന്നദ്ധരായി ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത് വലിയൊരാശ്വാസമായി. അടുത്ത ദിവസം മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാരിതര ഏജൻസി തങ്ങളുടെ ഈ രംഗത്തെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവർ ചെങ്ങന്നൂരിലെത്തി കഴിഞ്ഞ ദിവസം കാര്യങ്ങൾ വിലയിരുത്തി. ഇവർ ശുചീകരണത്തിന് ഉപയോഗിക്കുന്ന പമ്പ് ഉൾപ്പടെയുള്ള ചില ആധുനിക ഉപകരണങ്ങളുമായാണ് വരുന്നത്. ശുചിയാക്കൽ പ്രക്രിയയ്ക്കും മറ്റും കൂടുതൽ ഗ്ലൗസ് ആവശ്യമുണ്ട.് ചില ഭാഗങ്ങളിൽ ഗ്ലൗസിന്റെ കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് താലൂക്ക് ഓഫീസിലെ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ കൂടുതൽ ഗ്ലൗസുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. സാനിറ്ററി നാപ്കിൻ, പരമാവധി വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ചെങ്ങന്നൂരിലെ താലൂക്കോഫിസ്. ചെങ്ങന്നൂരിലെ രക്ഷാ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥയായ ഷീബ ജോർജിനെ നിയോഗിച്ചു.