**ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളിൽ സർവേ

നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക. ഇതിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഓൺലൈൻ ആയി ചേർന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീ സർവേയുടെ ഗുണം ഭൂവുടമകൾക്കും സർക്കാരിനും ഒരുപോലെ ലഭിക്കുമെന്ന് എം. ബി രാജേഷ് പറഞ്ഞു.

ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒക്ടോബർ 12 നും 30 നും ഇടയിൽ സർവേ സഭകൾ രൂപീകരിക്കും. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും പരാതി രഹിതവുമായ ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂർ, വെയിലൂർ, മേൽതോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയുർ, കീഴ്തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റുർ, ചെറുന്നിയുർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തുക.

എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡിജിറ്റൽ റീ സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെല്പർമാരെയും നിയമിക്കും. ഡിജിറ്റൽ റീ സർവെക്കായി 807.38 കോടി രൂപ റീബിൽഡ് കേരളയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

യോഗത്തിൽ ആദ്യഘട്ടം സർവേ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രതിനിധികൾ, സർവേ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ, സർവേയും ഭൂരേഖയും വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാ കളക്ടർമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.