പേരാമ്പ്രയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിലൂടെ നവ കേരളത്തെ ശുചിത്വമുള്ള നാടാക്കി മാറ്റണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളോടുകൂടിയ ഇത്തരം മത്സ്യ മാർക്കറ്റുകൾ പരിസര ശുചിത്വത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യം വൃത്തിയായി കൈകാര്യം ചെയ്യുന്നതിന് സൗകര്യപ്രദമായ കെട്ടിടമാണ് ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി പേരാമ്പ്രയിൽ സാധ്യമാക്കിയത്. ഇതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. മാലിന്യ സംസ്ക്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടി ചേർത്തു. മാർക്കറ്റുകൾ ലഹരി ശൃംഖലയുടെ കേന്ദ്രങ്ങളായി മാറാതിരിക്കാൻ നിരന്തര ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പഴയ കെട്ടിടം പൊളിച്ച് പേരാമ്പ്ര ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി ഏകദേശം 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിച്ചത്. മത്സ്യം വെക്കാൻ കോൺക്രീറ്റ് സ്ലാബ് ടെെൽ പതിച്ച് സജ്ജമാക്കിയിട്ടുണ്ട്. സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാൻ ചാലുകളും ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിൽ ഒരേ സമയം 50 പേർക്ക് വിൽപ്പന നടത്താൻ സാധിക്കും. കെട്ടിടത്തിൽ ആറ് റൂമുകൾ ബീഫ് സ്റ്റാളിനായും അഞ്ച് റൂമുകൾ പച്ചക്കറി സ്റ്റാളിനായുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മാർക്കറ്റിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് ഓവർസിയർ കെ.പി നീതു റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മുൻ എംഎൽഎമാരായ എ. കെ പത്മനാഭൻ മാസ്റ്റർ, കെ കുഞ്ഞമ്മദ് മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ ജിജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതവും സെക്രട്ടറി എൽ.എൻ ഷിജു നന്ദിയും പറഞ്ഞു.