അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനും, സംരംഭക മേഖലയിൽ തത്പരരായ ആളുകൾക്ക് അവസരമൊരുക്കാനുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമാവുകയാണ് പഞ്ചായത്തും.
14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1000 ജനസംഖ്യയ്ക്ക് അഞ്ച് പേർക്ക് സ്വയം തൊഴിൽ എന്ന പ്രവർത്തനവും നടന്നുവരികയാണ്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തൊഴിലന്വേഷകരുടെ വിവരം ശേഖരിച്ച് ‘യുവജാലകം’ എന്ന പേരിൽ ഒരു ക്യാമ്പയിനും നിലവിലുണ്ട്.
തത്പരരായ ആളുകൾക്ക് വിദഗ്ധ പരിശീലനം നൽകി മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുള്ള പദ്ധതികളും ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കോഴിക്കോട് എൻ.ഐ.ടിയുമായി ചേർന്ന് തൊഴിലന്വേഷകർക്ക് വഴികാട്ടിയായി സംരംഭകത്വ വികസന പരിപാടിയും സംഘടിപ്പിക്കും. പരിശീലനാനന്തരം തൊഴിൽ മേഖലയിലേക്ക് കടന്നുവരാനുള്ള മികച്ച അവസരങ്ങളും ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുന്നു.