വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. യുവതലമുറയുടെ ഇടയില്‍ ലഹരിവസ്തുക്കളുടെ വര്‍ധിച്ച ഉപയോഗം സമീപനാളുകളില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വര്‍ധിച്ചുവരുന്ന മദ്യം-മയക്കുമരുന്ന് ഉപയോഗം, വില്‍പന, കടത്ത് എന്നിവക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകത മനസിലാക്കിയാണ് സംസ്ഥാന പോലീസ് വകുപ്പ് യോദ്ധാവ് പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതിയുടെ ഭാഗമായി പീരുമേട് പൊലിസ് സബ് ഡിവിഷന്റെ കീഴില്‍ കുട്ടിക്കാനത്തു ബഹുജനറാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ബഹുജന റാലി പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുര്യാക്കോസ്. ജെ ഫ്‌ളാഗ് ഓഫ് ചെയ്തു. മരിയന്‍ കോളേജ് പ്രിന്‍സിപ്പാൾ ഡോ. അജിമോന്‍ ജോര്‍ജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മരിയന്‍ കോളേജ് കുട്ടിക്കാനം, ഐ.എച്ച്.ആര്‍.ഡി കോളേജ് പീരുമേട് , മരിയഗിരി സ്‌കൂള്‍, സെന്റ് പയസ് സ്‌കൂള്‍, ഐ.എച്ച്.ആര്‍.ഡി സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും പൊതുജനങ്ങളുമടക്കം 1500 ഓളം പേര്‍ പങ്കെടുത്തു.

പാമ്പനാര്‍ ടൗണില്‍ പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുര്യാക്കോസ്. ജെ യുടെ നേതൃത്വത്തില്‍ ബഹുജന റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.സി മാത്യു ബഹുജനറാലി ഫ്ളാഗ് ഓഫ് ചെയ്തു, പീരുമേട് പോലീസ് ഇന്‍സ്‌പെക്ടര്‍ രജീഷ് കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പീരുമേട് അയ്യപ്പ കോളേജ്, എസ്.എന്‍ കോളേജ് പീരുമേട്, പാമ്പനാര്‍ ഗവ. സ്‌കൂള്‍, ഓട്ടോ- ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരടക്കം 750 പേരിലധികം പങ്കെടുത്തു. അയ്യപ്പ കോളജ്, എസ്.എ കോളജ് വിദ്യാര്‍ത്ഥികള്‍ ടൗണില്‍ ഫ്‌ളാഷ് മോബും നടത്തി.

വണ്ടിപ്പെരിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂള്‍ , പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ എസ്.പി.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുമാരംഭിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിലിപ്പ് സാം ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി വണ്ടിപ്പെരിയാര്‍ ടൗണ്‍ ചുറ്റി തിരികെ പോലീസ് സ്റ്റേഷനില്‍ സമാപിച്ചു. കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നല്‍കി. ഒപ്പം പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരണങ്ങള്‍ നല്‍കുകയും പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങള്‍,വയര്‍ലസ് സംവിധാനം, മറ്റ് ഉപകരണങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.