കാരിക്കോട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഗതാഗത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. ആശുപത്രിയിലേക്കുള്ള പ്രധാന പാതയായ റോഡ് നാളുകളായി തകര്‍ന്നു കിടക്കുകയായിരുന്നു.

ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. പി. എന്‍. അജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി. വി. സുനിത, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ് എന്നിവര്‍ സംസാരിച്ചു. ആര്‍. എം. ഒ. ഡോ. സി. ജെ. പ്രീതി നന്ദി പറഞ്ഞു. എച്ച്. എം. സി. അംഗങ്ങളായ വി. എസ്. അബ്ബാസ്, ദിലീപ് മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.