ഇടുക്കി ജില്ലയിലെ യോദ്ധാവ് പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉത്പ്പന്നക്കടത്തിനെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനം. കേരള – തമിഴ്നാട് പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി വിപുലമാക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ ആദ്യപടിയായി തേക്കടി ആനവച്ചാല്‍ ബാംബൂ ഗ്രോവില്‍ വച്ച് തേനി – ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. ഇരു ജില്ലകളിലെയും എസ്. പി.മാരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. അതിര്‍ത്തിയില്‍ നിന്നും ലഹരി ഉത്പ്പന്നങ്ങളുമായി പിടിയിലാകുന്ന പ്രതികള്‍ പലരും തമിഴ്നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂര്‍, അരശുമരതെരുവ്, വടക്കുപ്പെട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ലഭിച്ചു എന്നാണ് മൊഴി നല്‍കാറുള്ളത്. എന്നാല്‍ ഇതു സംബന്ധിച്ച് തുടര്‍ അന്വേഷണം തമിഴ്നാട്ടില്‍ ഫലപ്രദമായി നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. തേനി, ഇടുക്കി ജില്ലകളിലെ പൊലീസ്, നാര്‍ക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കം ആരംഭിക്കുന്നതോടെ ഇതിന് തടയിടാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് അധികൃതര്‍.

അതിര്‍ത്തി വഴിയുള്ള കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധനകള്‍ നടത്താനും, തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലഹരി ഉത്പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്ന പ്രതികളെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ കൂടി ചോദ്യം ചെയ്യുന്നതിനും പ്രതികളെ സംബന്ധിച്ച ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുന്നതിനും യോഗത്തില്‍ ധാരണയായതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് പറഞ്ഞു. തുടര്‍ യോഗങ്ങള്‍ ചേരുന്നതിനും പരിശോധനകള്‍ ഊര്‍ജിതമായി നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

തേനി എസ്. പി. പ്രവീണ്‍ ഡോങ്കരെ, ഉത്തമപാളയം ഡി.വൈ.എസ്.പി. ശ്രേയ ഗുപ്ത, പ്രൊഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് തേനി ഡി.വൈ.എസ്.പി. ഡി. സുരേഷ്, പീരുമേട് ഡി.വൈ.എസ്.പി. കുര്യാക്കോസ് ജെ., ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. പയസ് ജോര്‍ജ്, ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. മാത്യു ജോര്‍ജ്, കുമളി എസ്. എച്ച്. ഒ. ജോബിന്‍ ആന്റണി, ഇരു ജില്ലകളിലെയും പൊലീസ്, നാര്‍ക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.