കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാ​ഗമായി വടകര നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടിവന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.യോഗത്തിൽ 201 അംഗ ജനറൽ കമ്മിറ്റിക്കും 25 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും രൂപം നൽകി. കെ മുരളീധരൻ എം.പി, കെ.കെ രമ എം.എൽ.എ എന്നിവർ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ ചെയർമാനായും നഗരസഭ വൈസ് ചെയർമാനും വാർഡ് കൗൺസിലർമാരും വൈസ് ചെയർമാന്മാരായും പ്രവർത്തിക്കും. സമിതിയുടെ കൺവീനറായി നഗരസഭ സെക്രട്ടറിയും ജോയിൻ കൺവീനറായി പ്രേരക്മാരും പ്രവർത്തിക്കും. വർക്കിംഗ് ചെയർമാനായി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനെയും ചുമതലപ്പെടുത്തി.
യോഗം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ കെ.കെ.വനജ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. നോഡൽ പ്രേരക് ഷാജി എം നന്ദി പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.വിജയി, പി.സജീവ് കുമാർ, എ.പി പ്രജിത മുനിസിപ്പൽ സെക്രട്ടറി എൻ.കെ ഹരീഷ്, കുടുംബശ്രി അംഗങ്ങൾ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, അധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാക്ഷരതാ സമിതി അംഗങ്ങൾ, പ്രേരക്മാർ, തുല്യത കോ-ഓർഡിനേറ്റർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.