*10 ലാബുകളിൽ ലെപ്റ്റോ ആർടിപിസിആർ പരിശോധനാ സൗകര്യം
*എല്ലാ ജില്ലകൾക്കും സേവനം ഉറപ്പാക്കി സുപ്രധാന ഇടപെടൽ
എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 10 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക് വളരെ വേഗം രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. എല്ലാ ജില്ലകൾക്കും ഈ സേവനം ലഭ്യമാകും വിധം എസ്.ഒ.പി. (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) പുറത്തിറക്കി. സാമ്പിൾ കളക്ഷൻ മുതൽ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലർത്തേണ്ട മാനദണ്ഡങ്ങൾ എസ്.ഒ.പി.യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, കൊല്ലം ജില്ലയിൽ നിന്നും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും പത്തനംതിട്ട റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ ജില്ലയിൽ നിന്നും ഐസിഎംആർ-എൻഐവി ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നും എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ ജില്ലയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, കോഴിക്കോട് ജില്ലയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, വയനാട് ജില്ലയിൽ നിന്നും വയനാട് ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലേക്ക് സാമ്പിളുകൾ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി രോഗനിർണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ ബാക്ടീരിയ കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാൽ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ. അതേസമയം ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ അസുഖം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകും. ഇതിലൂടെ വളരെ വേഗത്തിൽ എലിപ്പനിയ്ക്കുള്ള ചികിത്സ ആരംഭിക്കാൻ കഴിയുന്നതാണ്.