ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ നൽകിയത് 1,19,867 കണക്ഷനുകൾ. 2024 ഓടെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2020 ഏപ്രിൽ ഒന്നു വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 440192 ഗ്രാമീണ ഭവനങ്ങളാണുള്ളത്. ഇതിൽ 80423 വീടുകളിൽ കണക്ഷൻ നിലവിലുണ്ട്. പുതുതായി വന്ന 2449 വീടുകൾ ഉൾപ്പെടെ 242351 കണക്ഷനാണ് ഇനി നൽകാനുള്ളത്. 42,300 കണക്ഷനുകൾ കൂടി നൽകി ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി ഡിസംബറോടെ പൂർത്തിയാക്കും. 2023 മാർച്ചോടെ 59200, 2023 ഡിസംബറോടെ 90000, 2024 മാർച്ചോടെ 50851 എന്നിങ്ങനെ കണക്ഷനുകൾ നൽകിയാണ് പദ്ധതി പൂർത്തിയാക്കുക. 334.29 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആവശ്യമായ പൈപ്പുകൾ കേന്ദ്ര സർക്കാർ സ്ഥാപമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എഞ്ചിനിയറിംഗ് ടെക്‌നോളജിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. ശുദ്ധജല വിതരണ ശൃംഖല നിലവിലുള്ള പ്രദേശങ്ങളിലെ അംഗൻവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക്  പദ്ധതിയുടെ ഭാഗമായി കണക്ഷൻ നൽകി. ബാക്കിയുള്ള 770 അംഗൻവാടികളിലും 23 സ്‌കൂളുകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു.
ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, രാമന്തളി, മുഴപ്പിലങ്ങാട്, പിണറായി, കതിരൂർ എന്നീ എട്ട് പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമായി കഴിഞ്ഞു. വിതരണ ശൃംഖല, വാട്ടർടാങ്ക് സ്ഥാപിക്കൽ എന്നിവക്കായി റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിക്കാനുള്ള അനുമതി ജില്ലാ കളക്ടർ നൽകിയിരുന്നു. പദ്ധതിക്ക് 80 സ്വകാര്യ വ്യക്തികളുടെ ഭൂമി ആവശ്യമാണ്. ഇതിൽ 19 പേരുടെ ഭൂമി മുൻകൂറായി ഏറ്റെടുത്ത് ലഭ്യമാക്കി. ബാക്കിയുള്ള 61 പേരിൽ നിന്നായി 6.43 ഏക്കർ ഭൂമി പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. 
ഇരിക്കൂർ പഞ്ചായത്തിൽ ജലനിധി വഴിയും മറ്റിടങ്ങളിൽ ജല അതോറിറ്റിയുടെ ജലവിതരണ ഡിവിഷൻ, തളിപ്പറമ്പ്, മട്ടന്നൂർ പ്രൊജക്ട് ഡിവിഷനുകൾ എന്നിവ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കണ്ണൂർ ജലവിതരണ ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ സുധീപ് പറഞ്ഞു.