വാര്യാട് ഭാഗത്തെ റോഡ് സുരക്ഷക്ക് നടപടികൾ

ദേശീയപാത വാര്യാട് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി മുട്ടിൽ മുതല്‍ കാക്കവയൽ വരെയുള്ള ദേശീയപാതയില്‍ മൂന്ന് കിലോമീറ്റർ ഭാഗത്ത് സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും. 100 മീറ്റർ ഇടവിട്ട് റോഡിൽ ലൈനുകൾ വരക്കുകയും സ്റ്റെഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കും ചെയ്യും. വാര്യാട് ഭാഗത്തെ റോഡപകടങ്ങള്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് ടി.സിദ്ധിഖ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വാര്യാട് അപകട മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് എം.എൽ.എ മുൻകയ്യെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി റോഡുകളില്‍ സ്റ്റെഡുകൾ, റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും വെളള ലൈനുകൾ വരക്കുകയും ചെയ്യും. സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനാവശ്യമായ പ്രെപ്പോസല്‍ ഒരാഴ്ച്ചക്കകം സമര്‍പ്പിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. മുട്ടില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. വാര്യാട് റോഡില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിക്കാന്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറന്‍ ബന്ധപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. നാഷണല്‍ ഹൈവേയിലേക്ക് കടന്നുവരുന്ന പ്രധാനപ്പെട്ട ചെറു റോഡുകളില്‍ ഹമ്പ് സ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.
റോഡുകളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കണ്‍വീനറായുള്ള ജനകീയ സമിതി രൂപീകരിച്ചിരുന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ ഗീത, എ ഡി എം എന്‍ ഐ ഷാജു, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, പോലീസ് – പി ഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍, കെല്‍ട്രോണ്‍ , മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ജനകീയ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.