സംസ്ഥാനത്ത് കുട്ടികളില്‍ കുഷ്ഠരോഗബാധ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ കുട്ടികളിലെ കുഷ്ഠ രോഗ നിവാരണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ‘ബാലമിത്ര ‘പരിപാടി കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനം. എ.ഡി.എം എന്‍.എം.മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ശരീരപരിശോധന നടത്തി പ്രാരംഭഘട്ടത്തില്‍ത്തന്നെ കുഷ്ഠരോഗ നിര്‍ണയം നടത്തുന്ന പരിപാടിയാണ് ബാലമിത്ര. 2022 ഒക്ടോബര്‍ 19 നുള്ളില്‍ അധ്യാപകര്‍ക്ക് രോഗം കണ്ടെത്താനുള്ള പരിശീലനം ആരോഗ്യ വകുപ്പ് നല്‍കും. അധ്യാപകര്‍ രക്ഷിതാക്കളുടെ കൂടി സഹായത്തോടെ കുട്ടികളുടെ ശരീരത്തിലെവിടെയെങ്കിലും കുഷ്ഠരോഗ ലക്ഷണമാകാനിടയുള്ള അടയാളങ്ങളുണ്ടെങ്കില്‍ കണ്ടെത്തി അവ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കും. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇവ പരിശോധിച്ച് രോഗനിര്‍ണയം നടത്തുകയും പൂര്‍ണമായും സൗജന്യമായ ചികിത്സയിലൂടെ സുഖപ്പെടുത്തുകയും ചെയ്യും. 2022 നവംബര്‍ 10നകം മുഴുവന്‍ പേരുടെയും പരിശോധന പൂര്‍ത്തിയാക്കും. രോഗം നിര്‍ണയിക്കപ്പെടുന്നവരുടെ വിവരം പരസ്യമാക്കാതെയാണ് ചികിത്സ. ജില്ലയില്‍ കണ്ടു പിടിക്കുന്ന രോഗികളില്‍ 15 ശതമാനത്തോളം 14 വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ പകുതിയിലേറെയും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയാക്കുന്ന അധികരോഗബാധിതരും അംഗവൈകല്യ സാധ്യതയുള്ളവരുമാണ്. കുട്ടികളിലെ രോഗ നിരക്ക് മുതിര്‍ന്ന നിരവധി പേരില്‍ രോഗം ഒളിഞ്ഞു നില്‍ക്കുന്നുണ്ട് എന്ന സൂചകമാണ്.

നവംബര്‍ പത്തിനകം മുഴുവന്‍ വിദ്യാര്‍ഥികളിലും രോഗത്തെക്കുറിച്ച് അവബോധം നല്‍കി ലക്ഷണങ്ങള്‍ കണ്ടെത്തി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ പ്രാപ്തരാക്കും. സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എസ്.കെ.നഴ്സുമാരുടെ പൂര്‍ണ സഹായവുമുണ്ടാകുമെന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ.പി.അഹമ്മദ് അഫ്സല്‍ യോഗത്തില്‍ അറിയിച്ചു. അസി. ലെപ്രസി ഓഫീസര്‍മാരായ തമ്പി പാറയില്‍, വി.കെ.അബ്ദുല്‍ സത്താര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.