ജീവിതശൈലി രോഗനിയന്ത്രണം ലക്ഷ്യമിട്ട് ‘എന്റെ നാട്, എന്റെ ആരോഗ്യം’ പദ്ധതി നടപ്പാക്കാനൊരുങ്ങിഅണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്ന സമഗ്ര പദ്ധതിയാണിതെന്ന് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. പദ്ധതിപ്രകാരം പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഒരു ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കിടയിലെ ജീവിത ശൈലി രോഗ നിര്‍ണയം, ക്യാന്‍സര്‍ ഫസ്റ്റ് ചെക്ക്, വിഷാദ രോഗ നിര്‍ണയം എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് ആരോഗ്യസംരക്ഷണ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.ക്യാമ്പില്‍ നിന്നും തുടര്‍ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ചികിത്സ ലഭ്യമാക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

അതോടൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ യോഗ പരിശീലന ക്ലാസുകളും ആരംഭിക്കും. കൃത്യമായ അവബോധം നല്‍കിക്കൊണ്ട് വിഷാദ രോഗാവസ്ഥകളെ തിരിച്ചറിയാനും ജീവിത ശൈലി രോഗങ്ങളെ ചെറുത്തു നിര്‍ത്താനും പദ്ധതി ഗുണകരമാകുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.