ഇത്തവണത്തെ പരുമല പെരുനാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സർക്കാർ തലത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് അഡ്വ മാത്യു.ടി.തോമസ് എം.എൽ.എ , സജി ചെറിയാൻ എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ പരുമല സെമിനാരി ഹാളിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. പരുമല പെരുനാളിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് രണ്ട് എം എൽ എ മാരും യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം ആണ് യോഗം ചേർന്നത്. ഒരേ സമയം ചൂട്, തണുത്ത വെള്ളം ലഭ്യമാകുന്ന ആർ ഒ പ്ലാന്റ് ജല അതോറിറ്റി സ്ഥാപിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എ നിർദേശിച്ചു. പരുമല പാലത്തിലെ വിള്ളൽ മൂലം അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
കാൽ നടയാത്രക്കാർ നടപ്പാത ഉപയോഗിക്കണം. പരുമല പാലവും നടപ്പാലവും പെയിന്റ് ചെയ്യണം.  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തി ബന്ധപ്പെട്ട വരെ നേരത്തെ തന്നെ അറിയിക്കണം. പൊതുമരാമത്ത് റോഡിലെ കുഴികൾ നിലവിൽ അടച്ചിട്ടുണ്ട്. റോഡിൽ എവിടെയെങ്കിലും അപാകത ഉണ്ടെങ്കിൽ പരിഹരിക്കണം. കടപ്ര എസ് എൻ ആശുപത്രി, പുളിക്കീഴ് ഓർത്തഡോക്സ് പള്ളിക്ക് മുൻവശം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണം. ഇത്തവണ വളരെയധികം തീർത്ഥാടകർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ക്രമീകരണം ഒരുക്കണമെന്നും എം എൽ എ പറഞ്ഞു.

പെരുന്നാളുമായി ബന്ധപ്പെട്ട ഏകോപനത്തിന് തിരുവല്ല, ചെങ്ങന്നൂർ ആർഡിഒമാരെയും ഗതാഗത ക്രമീകരണത്തിനായി തിരുവല്ല, ചെങ്ങന്നൂർ ഡിവൈഎസ്പിമാരെയും ചുമതലപ്പെടുത്തണമെന്ന്  സജി ചെറിയാൻ എം എൽ എ പറഞ്ഞു. പെരുന്നാളുമായി ബന്ധപ്പെട്ട താൽക്കാലിക കടകൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡിന്റെ ഒരു വശത്ത് മാത്രമായി നിജപ്പെടുത്തണം. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ പരുമലയിലേക്ക് എത്താതെ വഴി തിരിച്ച് വിടണം. വലിയ ജനസഞ്ചയം ഉണ്ടാകുമെന്നാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സർക്കാർ തലത്തിൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മാന്നാർ സി എച്ച് സി യിലും പാണ്ടനാട് പി എച്ച് സിയിലും ആരോഗ്യ വകുപ്പ് ആവശ്യമായ സജീകരണങ്ങൾ ഒരുക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പ് കൃത്യമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ ജനപങ്കാളിത്തത്തോടെ പെരുനാൾ നടത്തുന്നതിനാവശ്യമായ സർക്കാർ തല ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. കടപ്ര പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ പണി ആവശ്യമെങ്കിൽ നടത്തണം. ജല അതോറിറ്റിയുടെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് റോഡുകളിലുള്ള കുഴികൾ മൂടണം. ആവശ്യമെങ്കിൽ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വീണ്ടും യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേർക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ, കെ എസ് ആർ ടി സി സർവ്വീസ്, റോഡ് അറ്റകുറ്റപ്പണി എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വളരെയധികം തീർത്ഥാടകർ വരാനുള്ള സാധ്യത കണക്കിലെടുത്തുള്ള ബന്തവസ് തയ്യാറാക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കൺട്രോൾ റൂം തുറക്കും. ആവശ്യമായ ഗതാഗതക്രമീകരണങ്ങൾ ഏർപ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ആംബുലൻസ് സേവനം ഒരുക്കുകയും മെഡിക്കൽ ടീമിനെ സജ്ജമാക്കുകയും ചെയ്യും. പുളിക്കീഴ് ബ്ലോക്കിൽ ഫസ്റ്റ് എയിഡ് പോസ്റ്റ് ക്രമീകരിക്കും. തിരുവല്ല താലൂക്ക് ആശുപത്രിയിലും ചാത്തങ്കേരി സി എച്ച് സി യിലും മെഡിക്കൽ ടീമിനെ സജ്ജമാക്കും. കടപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാതയോരങ്ങൾ വൃത്തിയാക്കുകയും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്യും. വൈദ്യുതി മുടങ്ങാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ കെ എസ് ഇ ബി ഒരുക്കും. വഴി വിളക്കുകൾ അറ്റകുറ്റപണി ചെയ്യുന്നതിന് ആവശ്യമായ സഹായം നൽകും. ടാപ്പുകളിലൂടെയുള്ള കുടിവെള്ളവിതരണം ജല അതോറിറ്റി ഉറപ്പാക്കും. പെരുനാൾ കാലത്ത് അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് ഫയർഫോഴ്സ് പ്രത്യേക സജീകരണം ഒരുക്കും. വ്യാജമദ്യവിൽപനയും നിരോധിത ലഹരിവസ്തുക്കളുടെ വിൽപനയും തടയുന്നതിന് എക്സൈസ് വകുപ്പ് പെട്രോളിംഗ് ശക്തമാക്കും. ഒക്ടോബർ 26 ന് പരുമല തീർത്ഥാടന വാരത്തിന് തുടക്കമാകും. നവംബർ രണ്ടിന് പെരുനാൾ സമാപിക്കും.