സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുളവാക്കും വിധമുളള സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കാന്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി അണികളും ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തില്‍ അറിയിച്ചു.

വെര്‍ച്ച്വല്‍ ലോകത്തിന്റെ സ്വാധീനം യുവാക്കള്‍ക്കിടയില്‍ വളരെ കൂടുതലാണെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്വേഷ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെന്നും അത് തടയാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത-സാമുദായിക സംഘടനകളും ബോധവത്ക്കരണം നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി എല്ലാ മാസവും അല്ലെങ്കില്‍ രണ്ടു മാസത്തിലൊരിക്കലെങ്കിലും വിവിധ രാഷ്ട്രീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ കക്ഷിരാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നത് തടയാന്‍ വെര്‍ച്ച്വല്‍ ലോകത്ത് പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും മത സമുദായ സംഘടനകളും അവരുടെ യോഗങ്ങളില്‍ അജണ്ട കൊണ്ടുവന്ന് ബോധവത്ക്കരണം നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. താഴെത്തട്ടില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബോധവത്ക്കരണമുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണമെന്നും നിലവില്‍ പോലീസ് സ്‌റ്റേഷനുകള് കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്തുന്നുണ്ടെന്നും ഉത്സവ സീസണ്‍ സമയങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മാസവും ഇത്തരത്തില്‍ ജില്ലാതലത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുളള യോഗം ചേരണമെന്നും ലഹരിമാഫിയയുടെ സ്വാധീനം നിരീക്ഷണവിധേയമാക്കണമെന്നും രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ സമാധാനം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, പാലക്കാട് ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് തഹസില്‍ദാര്‍മാര്‍, പാലക്കാട്, ചിറ്റൂര്‍ ഡിവൈ.എസ്.പിമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.