വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകൾക്കുള്ള എംഎൽഎയുടെ ആദരം പരിപാടി ‘മുന്നോട്ട് 2022’ ഒക്ടോബർ 24ന് ഗവ.മെഡിക്കൽ കോളേജ് അലൂമ്നി ഹാളിൽ സംഘടിപ്പിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പരിപാടിയോട് അനുബന്ധിച്ചുള്ള സംഘാടക സമിതി യോഗം അത്താണി പി എസ് സി ബാങ്ക് ഹാളിൽ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്നു.
എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വടക്കാഞ്ചേരി മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി തല റാങ്ക് ജേതാക്കൾ, വിവിധ രംഗങ്ങളിൽ അന്തർദ്ദേശീയ – ദേശീയ – സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയവർ എന്നിവരെ പരിപാടിയിൽ ആദരിക്കും.
എസ്എസ്എൽസി – പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ നേരത്തെ നൽകിയിരുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തു വരുന്നുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ ഒക്ടോബർ 11 നകം രജിസ്റ്റർ ചെയ്യണം. യൂണിവേഴ്സിറ്റി തലത്തിൽ 1, 2, 3 റാങ്ക് ജേതാക്കൾ ഫോട്ടോയും രേഖകളും വിവരങ്ങളും സഹിതം ജനപ്രതിനിധികൾ മുഖേനയോ നേരിട്ടോ
എംഎൽഎ ഓഫീസുമായി ബന്ധപ്പെടണം. സമ്പൂർണ്ണ വിജയം നേടിയ മണ്ഡത്തിലെ സ്കൂളുകൾക്കും ആദരം നൽകുന്നുണ്ട്.
നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കെ ഡി ബാഹുലേയൻ മാസ്റ്റർ, കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഡി വികാസ് രാജ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ തുടങ്ങിയവർ സംസാരിച്ചു.