തൃശൂർ ഈസ്റ്റ് ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രമേള 2022ന്റെ സംഘാടക സമിതി രൂപീകരണ യോഗം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഐ ടി, പ്രവർത്തി പരിചയ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകളുടെ സംഘാടക സമിതിയിൽ പത്ത് പേര് ഉൾപ്പെടുന്ന 7 കമ്മിറ്റികൾ രൂപീകരിച്ചു.

ഫിനാൻസ്, ഫുഡ്, റിസപ്ഷൻ, ലൈറ്റ് ആന്റ് സൗണ്ട് , പ്രോഗ്രാം, ഡിസിപ്ലിൻ, ട്രോഫി കമ്മിറ്റികളാണ് രൂപീകരിച്ചത്. ഒക്ടോബർ 19, 20, 21 ദിവസങ്ങളിലായി പുത്തൂർ ഗവൺമെന്റ് സ്കൂളിലാണ് മേള നടക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 117 സ്കൂളുകളിൽ നിന്നായി അയ്യായിരത്തിലേറെ വിദ്യാർത്ഥികളും അവരുടെ അധ്യാപകരും പങ്കെടുക്കും. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടിയാണ് യോഗം ചേർന്നത്.

പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ഈസ്റ്റ് എഇഒ പി എം ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ് കുമാർ, പഞ്ചായത്തംഗങ്ങളായ പി എസ് സജിത്ത്, നളിനി വിശ്വംഭരൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൾ ലിയ തോമസ്, എൽപി വിഭാഗം ഹെഡ്മിസ്ട്രസ് റിംസി ജോസ്, പി ടി എ പ്രസിഡന്റ് എം അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.