തൊഴിലുറപ്പിന്റെ കരുത്തിൽ ചേലക്കര, പുലാക്കോട്,അയ്യപ്പൻകുളത്തിന് പുനർജൻമം. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അയ്യപ്പൻകുളമാണ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നവീകരിച്ചത്.

പുതുമോടിയിൽ പുനർ നിർമ്മിച്ച കുളം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. നാടിന്റെ ആവശ്യം അറിഞ്ഞുള്ള വികസന  പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. പ്രയത്നത്തിൽ സഹകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ 12.5 ലക്ഷം രൂപ വിനിയോഗിച്ച് 164 തൊഴിൽ ദിനങ്ങൾ എടുത്താണ് അയ്യപ്പൻകുളം പുനർ നിർമ്മിച്ചത്. 25.8 സെന്റ് വിസ്തൃതിയുള്ള കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി, കുളിക്കടവ്, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ഷെലീൽ,  ജനപ്രതിനിധികളായ എല്ലിശേരി വിശ്വനാഥൻ, ജാനകി, ബീന മാത്യൂ, നിത്യ തേലക്കാട്ട്, എൽസി ബേബി,  ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.