സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ-സിഡിഎസ് 25-ാം വാർഷികവും  സാംസ്കാരികോത്സവവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ മികച്ച സംഭാവനകൾ നൽകാനും സ്ത്രീ ജീവിതത്തിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്താനും കുടുംബശ്രീക്ക് സാധിച്ചു. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും തങ്ങളുടെ അവകാശബോധത്തെ സംബന്ധിച്ച് ധാരണ ഉണ്ടാക്കാനുമായത് ഈ പ്രസ്ഥാനം വഴിയാണെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കിയതിലും കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നായരങ്ങാടി ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ്  റിജു  മാവേലി, വൈസ് പ്രസിഡൻ്റ് ഷീമ ബെന്നി, കുടുംബശ്രീ- സിഡിഎസ് ചെയർപേഴ്സൺ ലിവിത വിജയകുമാർ, വൈസ് ചെയർപേഴ്സൺ സരിത രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ദേശീയ – സംസ്ഥാന  അവാർഡുകൾ നേടിയവരെ ചടങ്ങിൽ ആദരിച്ചു.